English தமிழ்

സ്കന്ദഹോരയിലേക്ക് സ്വാഗതം!
അച്ഛനമ്മമാരുടെയും പരാത്പരഗുരുവായ ജ്ഞാനസ്കന്ദന്റെയും ഗുരുക്കന്മാരുടെയും മൂലാധാരമൂർത്തിയായ ഗണപതിയുടെയും വാക്‍ദേവതയായ സരസ്വതിയുടെയും വേദവ്യാസന്റെയും കുല-ധർമ്മ-ഇഷ്ട ദേവതമാരുടെയും ആദിത്യാദിനവഗ്രഹ-നക്ഷത്ര-രാശി ദേവതമാരുടെയും അനുഗ്രഹാശിസ്സുകളോടെ ഞാൻ ഈ ബ്ലോഗ് വിനയപൂർവ്വം വിജയദശമീദിനത്തിൽ (USA: ഒക്റ്റോബർ 18, 2018) സമാരംഭിക്കുന്നു.

ജ്യോതിശ്ശാസ്ത്രത്തിന്റെ ആറ് അംഗങ്ങളായ ഗോളം, ഗണിതം, നിമിത്തം, ജാതകം, പ്രശ്നം, മുഹൂർത്തം എന്നിവയുടെ സമ്പൂർണ്ണപഠനത്തിനാവശ്യമായ, ഇതുവരെ എനിക്ക് ലഭ്യമായിട്ടുള്ള – പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ – ഗ്രന്ഥങ്ങളുടെ ഉള്ളടക്കം ശ്ലോക-വ്യാഖ്യാന-ഉദാഹരണ സഹിതം, കർത്തൃത്വഭോക്തൃത്വാഭിമാനമില്ലാതെയും നിഷ്കാമ്യസങ്കല്പത്തോടെയും അവതരിപ്പിയ്ക്കുവാൻ, ഇതു രചിച്ച ഭഗവാൻ സ്കന്ദാചാര്യൻ ഇവന് മാർഗ്ഗദർശനം നൽകണമെന്നു പ്രാർത്ഥിയ്ക്കുന്നു.

വേദാംഗജ്യോതിഷം പഠിക്കുന്നവർക്കും അഭ്യസിക്കുന്നവർക്കും ഈ ബ്ലോഗ് ഉപകരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

പാഠങ്ങൾ മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീഭാഷകളിൽ അവതരിയ്ക്കുന്നതോടൊപ്പം ശ്ലോകങ്ങളുടെ ഓഡിയോയും, ക്ലാസ്സുകളുടെ വീഡിയോയും, ചോദ്യോത്തരങ്ങൾ ക്വിസ് (quiz) രൂപത്തിലും, ശ്ലോകങ്ങളും വ്യാഖ്യാനങ്ങളും ഡൌൺലോടു (download) ചെയ്യുവാൻപാകത്തിലും ലഭ്യമാക്കപ്പെടും.

വേദപ്രോക്തമായ ജ്യോതിശ്ശാസ്ത്രം ഇന്ന് ഒരു പ്രതിസന്ധിയിലാണെന്നുതന്നെ പറയുന്നതിൽ തെറ്റില്ല. എന്റെ അഭിപ്രായത്തിൽ, ഈ മഹത്തായ ശാസ്ത്രം വേണ്ടവണ്ണം അഭ്യസിക്കാതെയും അതിനുവേണ്ട ആത്മീയപരമായ യോഗ്യത സമ്പാദിയ്ക്കാതെയും ചെയ്യാതെ, അല്പമായ അറിവോടുകൂടി ഇത് പ്രയോഗിച്ച് തന്നേസമീപിക്കുന്നവരെ വഴിതെറ്റിയ്ക്കുന്ന ജ്യോത്സ്യൻമാർ തന്നെയാണ് ഈ അവസ്ഥയ്ക്കു പ്രധാനകാരണം.

ഇതിനുള്ള ഏകനിവൃത്തിമാർഗ്ഗം, ഈ ശാസ്ത്രം നല്ലവണ്ണം അഭ്യസിക്കുന്നതോടൊപ്പം ആത്മീയമായ മുന്നേറ്റവും നേടി താനെന്ന അഹന്തയെ ഒഴിവാക്കി ധനാസക്തികൂടാതെ പ്രയോഗിച്ച് ലൌകികപ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നല്കുന്നതോടൊപ്പം, ആത്മബോധം നേടുവാനുള്ള പാതയിലേയ്ക്കും തന്നെ സമീപിയ്ക്കുന്നവരെ നയിക്കുക എന്നതാണ്.  ഈ വഴി പിന്തുടർന്നാൽ, ജ്യോത്സ്യൻ ദൈവജ്ഞപദവിയിലേയ്ക്ക് താനെ ഉയരുകയും തനിയ്ക്കും തന്റെ കുടുംബാങ്ങൾക്കുമാവശ്യമുള്ള സകലവിധ ഐശ്വര്യങ്ങളും ആവശ്യപ്പെടാതെ വന്നുചേരുമെന്നത് നിർണ്ണയമാണ്.  ഇത് എങ്ങനെ നേടിയെടുക്കാമെന്ന് മറ്റൊരു ലേഖനത്തിലൂടെ ഭാവിയിൽ വിശദീകരിക്കാം.

Views: 906