This scripture is not available in English and Tamil.

ഭഗവാൻ ജ്ഞാനസ്കന്ദൻ തന്റെ പ്രഥമശിഷ്യനായ അഗസ്ത്യമഹർഷിക്ക് ഉപദേശിച്ച പുരാണാസ്പദമായ അയ്യപ്പക്ഷേത്രദർശനാനുഷ്ഠാന വിധി.  (എന്റെ ആത്മീയഗുരുവും പിതാവുമായ യശശ്ശരീരനായ ബ്രഹ്മശ്രീ എൻ. കാമേശ്വരൻ താളിയോലകളിൽ വായിച്ച് ശ്രീ എസ്. മാധവമല്ലനാൽ എഴുതിയെടുക്കപ്പെട്ടത്.  സൌജന്യവിതരണത്തിനായിമാത്രം.)

. . . . . . ഓർക്കണം ഭക്തർ
മണികണ്ഠന്റെ ബ്രഹ്മചര്യത്തേയും
ധർമ്മം മാത്രം ഏൽക്കുന്ന
അധർമ്മത്തെ അഴിക്കുന്ന
കർശനമാം പ്രകൃതിയേയും
എല്ലാം അറിഞ്ഞിട്ടങ്ങിനെ
ശബരിഗിരി ദേവാലയം
അവൻതന്നെ വിധിച്ചുള്ള
(ബ്രഹ്മാണ്ഡപുരാണം അധ്യായം
പതിനാറും പതിനേഴും നോക്കുക)

ആഗമ സിദ്ധാന്തങ്ങളെ
അറിഞ്ഞങ്ങു ചെല്ലണം.

ഭക്തർകൾ എല്ലാം ഒന്ന്
ശ്രദ്ധയോടും ഭക്തിയോടും
ഹരിഹരസുതനായ് കല്പിച്ച്
ഇരുമുടി കെട്ടും മുമ്പായ്
ഗണേശനാം എന്നണ്ണന്
ഹവന പൂജാദികളും
ദീപത്തിൽ പഞ്ചമുഖത്തിൽ
മണികണ്ഠനു പൂജയും
ഗുരുപീഠേ ലക്ഷ്മീനാരായണ
സങ്കല്പ പൂജയും ചെയ്തിട്ട്
ഇല്ലം വിട്ടിട്ട് ഇഷ്ടമാം മാർഗ്ഗത്തിലൂടെ
പമ്പാസരസ്സിൻ കരയിൽ
എത്തിയങ്ങു ചേരണം.

പഞ്ചവിധമാം സ്നാനങ്ങൾ
പമ്പാനദിയെയങ്ങനെ
ഗോദാവരിയും സരസ്വതിയും
സിന്ധു ബ്രഹ്മപുത്രയും
പുഷ്ക്കരണി ആദി തീർത്ഥങ്ങളും
നർമ്മദാ നദീഭാഗവും
ത്രിവേണിയിൻ സംഗമവും
രഘുകുലത്തിലെ രാമൻ കണ്ട
ത്രിവേണി സാഗരസംഗമവും
എല്ലാമിതിലടങ്ങിയതായ്
ഭാവനയിൽ കണ്ടിട്ട്:

ആദ്യത്തെ സ്നാനമൊന്നു
“ഉമാപതിയിൻ പുത്രനേ!
മണികണ്ഠ സ്വരൂപനേ!
അവിടുന്നു നമ്മുടെ പിണികൾ
അകറ്റിത്തന്നീടണമേ”
എന്നു പ്രർത്ഥിച്ചു ചെയ്കയും,

രണ്ടാമതാം സ്നാനവും
“വൈകുണ്ഠപതിയിൻ പുത്രാ!
വിഷ്ണുമായാ വിലാസമേ!
പുരുഷോത്തമ സ്വരൂപനേ!
അവിടുന്നു പാപങ്ങളെല്ലാം
മാരുതൻ കാറ്റുണ്ടാക്കി
പഞ്ഞി പറത്തിടുന്നപോൽ
പറത്തിയങ്ങു രക്ഷിക്കണേ”
എന്നു ചൊല്ലിയും,

മൂന്നാമതാം സ്നാനവും
“പ്രണവ മൂർത്തികളാം
ഗണേശ ഷൺമുഖന്മാരെ
സോദരനായ് കൊണ്ടവനേ!
ജ്ഞാനവും ശക്തിയും തന്ന്
അനുഗ്രഹിച്ചു കൊള്ളേണമേ”
എന്നു ചൊല്ലി ചെയ്കയും,

നാലാമതാം സ്നാനവും
ചെയ്യണം പ്രാർത്ഥനകൊണ്ട്
“വിഷ്ണുരുദ്രതേജോപുഞ്ജമേ!
മോക്ഷമൊന്നറിയില്ല ഞാൻ
മോക്ഷകർമ്മങ്ങളറിയില്ല ഞാൻ
അവിടുത്തെ കാരുണ്യം കൊണ്ട്
നം പൂർവ്വപിതൃക്കൾക്ക് യാവർക്കും
വൈകുണ്ഠവാസം നൽകണേ”
എന്നു ചൊല്ലിയും,

അതിനും അപ്പുറമായ്
“നമ്മെ ചേർന്നുള്ളൊരു
ഇഷ്ടബന്ധുമിത്ര സ്വജനങ്ങളെയെല്ലാം
സൽബുദ്ധി ഐശ്വര്യങ്ങൾ
യമഭയത്തിൽ നിന്നകറ്റീട്ട്
ആപത്തുകൾ ഒഴിച്ചിട്ട്
കരുണയോട് നൽകണേ”
എന്നെല്ലാം സങ്കല്പിച്ച്
അഞ്ചാമതാം സ്നാനവും
ചെയ്തു ഭക്തൻ കരകേറുകിൽ
കുളത്തുപ്പുഴയും ആര്യനിൻകാവും
അച്ചനാനവൻ കോവിലും
മകരദീപജ്യോതിയുള്ള
കാന്തമലയും തഥാ
മണികണ്ഠനുള്ള ശ്രേഷ്ഠമാം
ശബരിമലയും എല്ലാം
ദർശിച്ച ഫലവും
ഒന്നിടങ്ങിച്ചേർന്നിടും.

ചെല്ലണം കരിനീലിമലമേൽ
മലയേറി ചെല്ലുമ്പോൾ
ഇന്ദ്രാദി ദേവർകളെല്ലാം
വ്യാഘ്രാദി മൃഗങ്ങളായ്
നിന്നിരുന്ന അപ്പാച്ചിമേട്ടിൽ
ചെന്നുനിന്നിട്ട് മൂന്നുപ്രദക്ഷിണം
നിന്നവാക്കിൽ ചെയ്തിട്ട്
ഇന്ദ്രാദി ദേവതകളെ നമിച്ചിട്ട്
എത്തണം ശബരീപീഠത്തിലും.

സത്യസ്വരൂപിയായുള്ള
രഘുരാമന്നനുഗ്രഹം കാത്തു
കാത്തിരുന്ന വൃദ്ധയെ
വഴികാട്ടി എന്നുകല്പ്പിച്ച്
ശബരീപീഠം ചുറ്റി
മൂന്നുവലം വരുകയും
എരുമേലിയിൽ നിന്നുവന്നിട്ട്
ശരം നിക്ഷേപണം ചെയ്യും
ആലമരച്ചുവട്ടിങ്കൽ
മണികണ്ഠൻ പരിവാരമാം
യവനമൂർത്തികളിരിക്കയാൽ
ശത്രുബാധ ക്ഷുദ്രബാധ
കൈവിഷ മഹാഭിചാരങ്ങളും
ദുർമന്ത്രത്തിനാൽ ഏല്ക്കാതെ
ഇരിക്കുവാൻ പ്രാർത്ഥിച്ച്
മണികണ്ഠഭക്തനാണെന്നു ചൊല്ലി
ഉറങ്ങിക്കിടക്കുന്നതാം യവനമൂർത്തികളെ
കൈതട്ടി ശബ്ദമുണ്ടാക്കി വിളിച്ചിട്ട്
യഥാശക്തി നാണയം
തലചുറ്റി ഉഴിഞ്ഞിട്ട്
ഭക്തിയോടു നിക്ഷേപണവും
ചെയ്തിട്ടു നടക്കണം
സത്യമാം പതിനെട്ടുപടികൾ
മുന്നിലായിട്ടെത്തണം.

അഗസ്ത്യമാമുനിയങ്ങിനെ
ചോദിച്ചിതു രഹസ്യത്തെ
പതിനെട്ടുപടികളിൻ മഹിമയിൻ.

ഭഗവാൻ കാർത്തികേയനും
മാമുനിയിൻ നന്മയ്ക്കും
ശാസ്താവിൻ ഭക്തജനങ്ങളിൻ
ശിവവിഷ്ണുഭക്തജനങ്ങളിൻ
നന്മയങ്ങനെ കാംക്ഷിച്ച്
പ്രത്യേകം ചൊല്ലി ഭഗവാനും
അറിവുള്ള ഭക്തർക്കെല്ലാം
അഹിന്ദുക്കളാണെങ്കിലും
വിശ്വാസിയായോർക്കെല്ലാം
പമ്പാതീർത്ഥവിധാനവും
പതിനെട്ടു പടികളിൻ ശക്തിയും
ദേവാലയദർശന മുറകളും
നാം കല്പ്പിക്കുന്നതുപോലങ്ങിനെ.

പലഭക്തജനങ്ങളും
തത്വദീക്ഷ ഇല്ലാതെ
വെറും ദർശനം ചെയ്യുന്നത്
ഫലമില്ലാതെ പോകുന്നെടോ.
നിയമാനുഷ്ഠാനങ്ങളറിയില്ലെങ്കിലും
പതിനഞ്ചിൽ കുറഞ്ഞുള്ള ബാലകരും
കന്നിമലയേറുന്ന ആരാണെങ്കിലും
തത്വമറിഞ്ഞില്ലെങ്കിലും
ഉള്ളിലെ ഭയഭക്തികൊണ്ടിട്ട്
അനുഭവത്തെ കണ്ടിടുന്നിതു.

പതിനെട്ടു പടിയിലുണ്ട്
പരമമാം തത്വങ്ങളത്രയും
അഷ്ടാദശപുരാണങ്ങൾ
എലാറ്റിലുമങ്ങിനെ
വ്യാസനായ് അവതരിച്ച
വിഷ്ണു ചൊന്നതു രണ്ടുതാൻ
‘പരോപകാരമേ പുണ്യം
പാപമാം പരപീഡനവും’
എന്നുള്ള തത്വത്തെയറിഞ്ഞ്
മുതൽപടിചവുട്ടെടോ.
ആദ്യമാം പടിയിലങ്ങിനെ
വലം പാദം വയ്ക്കണം
നാളീകേരം ഉടയ്ക്കണം
(ആദ്യം പോകുന്നവർ).
പതിനെട്ടിന്റെ തത്വത്തെ
ജീവിതപ്രധാനത്തിലെല്ലാം
തത്വമായിട്ടറിയുക.

സവർണ്ണരിൽ മുഖ്യരാം
അന്തണസ്ത്രീകളത്രയും
ഉടുക്കേണ്ട ചേലയ്ക്കുണ്ട്
പതിനെട്ടുമുഴം നീളവും.
മാംഗല്യധാരണത്തിനപ്പുറം
സ്ത്രീകളിങ്ങനെതന്നെ
ചേലയെ താറുകുത്തിപ്പാച്ചിട്ട്
ധരിക്കേണ്ടത് കർത്തവ്യമതാകുമേ.
ഇവാറു ചേല ധരിക്കാതെ
മന്ത്രകർമ്മങ്ങൾക്കത്രയും
സ്ത്രീകൾ നിഷിദ്ധരായിടും.
ബ്രാഹ്മണർ ഉടുക്കും അംഗവസ്ത്രം
പത്തും ആറും ചേർന്നിട്ട്
സോമനുത്തരീയങ്ങളും
രണ്ടുമുഴം പ്രത്യേകമായ്
നാഭിക്കുമേൽ നില്ക്കുന്നളവിൽ
യജ്ഞോപവീതം ചേർക്കുകിൽ
പതിനാറും രണ്ടും ചേർത്തിട്ട്
പതിനെട്ടായ് ഭവിച്ചിടും.
ആദിപരാശക്തി അമ്മയ്ക്ക്
ത്രിപുരയാം അമ്മയ്ക്ക്
കരങ്ങളെണ്ണം പതിനെട്ട്
നീയും കണ്ടറിഞ്ഞുകൊള്ളണം.
മുഖ്യമാം ഉപനിഷത്തുകൾ ഒമ്പതും
ഉപമാം ഉപനിഷത്തുകൾ ഒമ്പതും
ചേർത്തിട്ട് പതിനെട്ടുമേ.
ശ്രേഷ്ഠമാം ഭാഗവതപുരാണം
അഷ്ടാദശങ്ങളിലും ശ്രേഷ്ടമാം.
പിതൃ പൈതൃകമാം ദോഷങ്ങൾ
സപ്താഹ പാരായണങ്ങൾ
എല്ലാം കർമ്മേണ ചെയ്തിട്ട്
പരമാത്മാവാം കണ്ണനെ
ഭക്തിയോടു വരിച്ചിട്ട്
ചെയ്യുന്ന പൂജാദികൾ
വൈകുണ്ഠത്തിൽ ചേർത്തിടും.
അഷ്ടാദശ പുരാണത്തിൽ
ശ്രേഷ്ഠമാം ഭാഗവതേ
അറിയണം പതിനെട്ടായിരമായ്
ശ്ലോകപംക്തികളങ്ങിനെ.
ജ്യോതിഷഭാഷയിലും തഥാ
നമ്മുടെ സ്കന്ദഹോരയിൽ
നിനക്കു ഞാൻ ചൊല്ലിക്കൊടുത്തതും
പതിനെട്ടദ്ധ്യായങ്ങളങ്ങിനെ.
ആദിയിൽ നാം ഫലിനീഗിരിയിൽ
ഇരുന്നോരു കാലത്തിങ്കൽ
ദ്രാവിഡദേശം കേരളവും
അതിർ തിരിച്ചു കിട്ടുവാൻ
കേരളം സ്വന്തമാക്കുവാൻ
മണികണ്ഠൻ വന്നതും
തത്കാലത്തിൽ നം ഗിരിയിൽ
ഏറിയങ്ങുവന്നിടാൻ
കൈയ്യിലുള്ള ശരം കൊണ്ട്
മുപ്പതിനെ പതിനെട്ടാൽ പെരുക്കി
അഞ്ഞൂറ്റിനാല്പ്പതു പടികൾ
തേജഃ ശക്തികൊണ്ടു സൃഷ്ടിച്ച്
നമ്മെ വന്നു കണ്ടതും
പതിനെട്ടിൻ മഹിമയേ
കാട്ടുന്നതായറിയണം.
ഭഗവദ്ഗീതാ പുസ്തകം
അദ്ധ്യായങ്ങൾ പതിനെട്ട്,
ലളിത ഉപാഖ്യാനത്തിൽ
കാണ്ഡങ്ങൾ പതിനെട്ട്,
ശൈവ പുരാണത്തിൽ
ഖണ്ഡങ്ങൾ പതിനെട്ട്,
ബ്രഹ്മാണ്ഡ പുരാണത്തിൽ
അദ്ധ്യായങ്ങൾ പതിനെട്ട്,
പദ്മ പുരാണത്തിങ്കൽ
മുഖ്യശോകങ്ങൾ പതിനെട്ട്,
ശ്രീഷോഡശാക്ഷരീ മന്ത്രത്തിൽ
നമഃ ചേർത്ത് പതിനെട്ട്,
നാരദന്റെ സംഹിതയിൽ
വേദാന്തശാസ്ത്രം പതിനെട്ട്,
മനുകൊടുത്ത സ്മൃതികാര്യങ്ങളിൽ
ഉപദേശമാർഗ്ഗങ്ങൾ പതിനെട്ട്,
അഗസ്ത്യനേ! നീ സഞ്ചരിച്ച
മുഖ്യദേശങ്ങൾ പതിനെട്ട്,
ഹിന്ദുമതത്തിൻ സ്രഷ്ടാവെന്നപോൽ
ശ്രേഷ്ഠനാം ആദിശങ്കരൻ
എന്നപ്പനരുളാൽത്തന്നെ
എഴുതിയ കാവ്യങ്ങൾ പതിനെട്ട്,
എന്നിങ്ങനെ പതിനെട്ടിൻ
കണക്കുകൾക്കന്തമില്ലെടോ.

ധർമ്മശാസ്താവെന്ന നാമധേയം
ധർമ്മത്തെ ശാസിക്കുവാൻ
ധർമ്മഃ ശാസയതി ഇതി ശാസ്താ
എന്ന ന്യായപ്രകാരേണ
ശക്തിമത്തായിരിക്കയാൽ
അവൻ പടികൾ പതിനെട്ടും
ധർമ്മനെറികൾ തെറ്റാതെ
ശ്രദ്ധയോടു കടക്കണം.

മുതൽ പടിയിലിരിപ്പുണ്ട്
എന്നണ്ണനാം ഗണേശനും;
രണ്ടാമതു പടിയിലുണ്ട്
ശൈവവൈഷ്ണവശക്തികൾ;
മൂന്നാമത്തെ പടിയിലുണ്ട്
ത്രിഗുണാതീതനാം ദത്താത്രേയനും;
നാലാം പടിയിലുണ്ട്
വിധിപകുക്കുന്ന ബ്രഹ്മനും;
പഞ്ചമമാം പടിയിലുണ്ട്
പഞ്ചമുഖ ഗായത്രിയും;
ഷഷ്ഠമാം പടിയിലുണ്ട്
ശാസ്ത്രങ്ങൾ ആറായി
എല്ലാം ചേർത്തുവെച്ച നാമും;
സപ്തമമാം പടിയിലുണ്ട്
നിന്നെ മുഖ്യനാക്കീട്ട്
ചേർന്നുള്ള സപ്തർഷികളും;
അഷ്ടമമാം പടിയിലുണ്ട്
അഷ്ടദിക്പാലകരും;
നവമമാം പടിയിലുണ്ട്
നവഗ്രഹങ്ങളത്രയും;
ദശമമാം പടിയിലുണ്ട്
ദശാവതാരങ്ങളെല്ലാവുമേ;
ഏകാദശമാം പടിയിലുണ്ട്
ഏകാദശരുദ്രരും;
ദ്വാദശേ പടിയിലുണ്ട്
മേഷാദികളാം രാശികളും;
പതിമൂന്നാം പടിവകുക്കണം
അഷ്ടലക്ഷ്മികൾ എട്ടെണ്ണവും
അതുചേർത്തിട്ടു സിദ്ധിപ്രധാനങ്ങൾ
അണിമ മഹിമ ലഘിമ
ഗരിമ ഈശിത്രിയും;
പതിനാലാം പടിയിലുണ്ട്
ഒരുപക്കത്തെ വൃദ്ധിയും
ചന്ദ്രന്റെ ശക്തിയും;
പതിനഞ്ചാം പടിയിലുണ്ട്
പഞ്ചദശാക്ഷരീ മന്ത്രവും;
പതിനാറാം പടിയിലുണ്ട്
പതിനാറു കലകൾ പൂർത്തിയായ്
എല്ലാം കൈക്കൊണ്ടുള്ള
ലോകമാതാവാം ലളിതാംബികയും;
പതിനേഴാം പടിയിലുണ്ട്
നിർബന്ധമാകുന്ന കാര്യങ്ങൾ
ആപത്തൊഴിക്കുന്ന കാര്യങ്ങൾ
പൂജയ്ക്കെടുത്തിട്ടുള്ള
അഷ്ടമൂർത്തികളുമങ്ങിനെ
അവരോടൊത്തുനിൽക്കുന്ന
മണികണ്ഠൻ പരിവാരങ്ങളും
എട്ടും ഒമ്പതും ചേർന്ന്
നിൽക്കുന്നതായറിയണം,
പരിവാരദേവതകളത്രയും
ഇഡുംബൻ ഇഡുംബിയെന്നും
കടത്തൻ കടത്തായിയും
കറുപ്പൻ കറുപ്പായിയും
ശാസ്താവിൻ പുത്രിയാകുന്ന
വൈഷ്ണവ യക്ഷിണിയും
അതോടു രണ്ടുചേർന്നിട്ട്
ജയവിജയന്മാരിൻ
ദ്വാരപാലക ദേവതകളും
നാരായണൻ സാംബശിവൻ
ആഞ്ജനേയൻ രാമകൃഷ്ണന്മാരും
നാമും ലക്ഷ്മീഭഗവതിപരാശക്തിയും
സരസ്വതീഭഗവതിയും
ചേർന്നുള്ള എട്ടുദേവതകളും;
എല്ലാം കടന്നിട്ട്
പതിനെട്ടാം പടിയിൽ
ഗോമാതാ ഭൂമാതാ ശ്രീമാതാ
ധർമ്മാർത്ഥകാമമോക്ഷാദി
ചതുർവിധം നൽകുന്ന
ബ്രഹ്മാണ്ഡപിണ്ഡാണ്ഡ രൂപിയാം
ആദിമൂർത്തിയാം നാരസിംഹനും
അവരോടൊത്തുചേർന്നിട്ട്
ധ്രുവപ്രഹ്ളാദമാർക്കണ്ഡേയരും
സതിദാക്ഷായണീ അനുസൂയയും
അങ്ങനെ എല്ലാ ഐശ്വര്യവും
ചേർന്നതൊക്കെ അറിഞ്ഞിട്ട്
ഇരുമുടിക്കെട്ടും താങ്ങി
സന്നിധാനമെത്തീട്ട്
മണികണ്ഠനെ കണ്ടിട്ട്
സമസ്താപരാധം ചൊല്ലീട്ട്
മാപ്പുകൾ ഇരന്നിട്ട്
അങ്ങനെതന്നെ നടന്നീട്ട്
മണികണ്ഠനെ കാത്തിരിക്കും
മാളികപ്പുറത്തമ്മയ്ക്ക്
ചുവന്നാട കൊടുത്തിട്ട്
കടത്തൻ കടത്തായി
കറുപ്പൻ കറുപ്പായി എന്നിവർക്ക്
ദീപമോ കർപ്പൂരമോ കാട്ടീട്ട്
നെയ് തേങ്ങ ഉടച്ചിട്ട്
ശുദ്ധ ഏനത്തിൽ വെച്ചിട്ട്
കൈയ്യിൽ കൊണ്ടു ചുമന്നിട്ട്
ഗണേശ നാഗരാജാക്കളെ
ദർശിച്ചതിനു ശേഷമായ്
അഭിഷേചനം ചെയ്യുന്നത്
നിഷ്ഠയാകുന്ന കർത്തവ്യമേ.

കർത്തവ്യം തീർത്തശേഷമങ്ങിനെ
ഒരുപ്രാവശ്യം എങ്കിലും
ധ്വജത്തിൻ മുമ്പിൽ നിന്ന്
ദണ്ഡനമസ്കാരം ചെയ്കയും
പിന്നീടിറങ്ങിച്ചെന്നിടാം
വടക്കുവാതിലിൽ കൂടിയോ
സത്യമാം പതിനെട്ടു പടികൾ കൂടിയോ
ഇല്ലത്തേക്കു നടന്നിടാം
തിരിച്ചു വന്നിടണം പമ്പയ്ക്ക്
വീണ്ടും സ്നാനം ചെയ്യണം
മുറയെ തെറ്റിച്ചു ചെയ്യുകിൽ
ഫലമില്ലാതെ പോയിടും.

ശബരിഗിരിക്ഷേത്രത്തിൻ
ആഗമവും ചൊല്ലിടാം
പൂർവ്വജന്മത്തിൽ പാണ്ഡിരാജൻ
സന്താനഭാഗ്യമില്ലാതെ
ദുഃഖിച്ചു വശനായിട്ട്
മണികണ്ഠനെ സേവിക്കയാൽ
പൂർണ്ണാപുഷ്കലേശനാം ശാസ്താവും
രാജനിൻ അടുത്ത ജന്മത്തിൽ
പുത്രനായ് ജനിച്ചിടാമെന്ന്
ചൊല്ലി അനുഗ്രഹിച്ച്
വരമങ്ങുകൊടുക്കവെ
പുനർജ്ജന്മത്തിലരശൻ
പന്തളനാട്ടിലങ്ങിനെ
രാമവർമ്മനായ് ജനിക്കയും
അയ്യനും അവിടത്തിൽ
പുത്രനായ് ഭവിക്കയും
തത്കാല സമയത്തിങ്കൽ
ശാസ്താവിനെ സേവിച്ചൊരു
നമ്പൂരിശ്ശനുമങ്ങിനെ
ശബരിഗിരീതടത്തിൽ
പുത്രഭാഗ്യമേകുവാൻ
ഏകാന്ത തപസ്സിരിക്കയും
ഉഗ്രവർമ്മൻ നമ്പൂതിരി
തപം കൊണ്ടു നൊന്തിട്ട്
പ്രാർത്ഥന ചെയ്കയാൽ
ഭഗവാൻ ധർമ്മശാസ്താവും
അവിടത്തിൽ ചേരുകയും
നിത്യബ്രഹ്മചാരിയാം നിനക്ക്
ബ്രഹ്മചാരിയാം നാം തന്നെ
പുത്രനായിരുന്നീടാമെന്ന്
ഭക്തവത്സലനാം ദീനബന്ധുവാം
മണികണ്ഠൻ ചൊന്നതാൽ
മണികണ്ഠനിൻ തേജസ്സിനെ
വിട്ടുപോകാതാവാഹിച്ച്
തന്ത്രിയാം നമ്പൂതിരിയും
പ്രതിഷ്ഠയും ചെയ്തതാൽ
പരശുരാമക്ഷേത്രത്തിൽ
ശബരിഗിരീഭാഗേ
തേജോമയനാം
അയ്യനാരപ്പനെന്ന
അയ്യപ്പനും നിന്നതും
അയ്യൻ എന്നവൻ മകനും
അപ്പൻ എന്നവൻ രക്ഷിതാവും
എന്നു തത്വത്തിലറിയുക.
ഇവ്വാറാഗമത്തേയും
ചൊല്ലീ ഭഗവാൻ കാർത്തികേയനും.

ശുഭം

സൌജന്യവിതരണത്തിനായിമാത്രം.
നാരായണൻ കാമേശ്വരൻ

Copyright © 1980-2020, Narayanan Kameswaran.
For FREE distribution only.  Printing and selling with a commercial motive is strictly prohibited.

Visits: 568