ഭഗവാൻ ജ്ഞാനസ്കന്ദൻ ശിഷ്യനായ അഗസ്ത്യമഹർഷിക്ക് ഉപദേശിച്ച ഉപകാരസാഹസ്രിയിലെ ദൈവജ്ഞധർമ്മോപകാരം എന്ന ഏകാദശാദ്ധ്യായത്തിൽനിന്നും എടുത്തത്. (സ്കന്ദഹോര അഭ്യസിച്ചിരുന്ന എന്റെ അഭിവന്ദ്യപിതാവും ആത്മീയഗുരുവുമായ ബ്രഹ്മശ്രീ എൻ.കാമേശ്വരൻ മലയാളഗ്രന്ഥലിപിയിൽ എഴുതപ്പെട്ട താളിയോലകളിൽ നിന്നും ഭഗവദാജ്ഞപ്രകാരം പകർത്തിയ ഈ ഗ്രന്ഥം താമസിയാതെ പ്രസിദ്ധീകരിക്കപ്പെടും.)
സ്കന്ദൻ: അഗസ്ത്യാ! ദൈവജ്ഞൻ പാലിക്കേണ്ട ഇരുപത്തിനാലു ധർമ്മങ്ങളുണ്ട്. അത് നിനക്ക് വിവരിച്ചു തരാം.
- സന്യാസിമാരും മഹർഷിമാരും നിർബന്ധമായും പ്രാണായാമം ചെയ്യണം. ദിനം ഇരുപത്തിനാലു (24) നേരം. അതും പ്രാതഃ കാലേ. ബ്രഹ്മചാരി, സന്യാസിക്ക് സമനാകയാൽ അവനും ചെയ്യണം. ബ്രഹ്മചാരിയാണെങ്കിലും അറിഞ്ഞോ അറിയാതെയോ ബ്രഹ്മചര്യഭംഗം വന്നിട്ടുള്ളവൻ ചെയ്യരുത്.
- ഗാർഹസ്ഥ്യധർമ്മത്തിൽപ്പെട്ടവൻ നിശ്ചയമായും തന്റെ മനസ്സിനിണങ്ങുന്ന ഒരു മൂർത്തിയെ ഉപാസിക്കണം. ബ്രാഹ്മണൻ പ്രത്യേകിച്ച് ദിനവും മുന്നൂറ്റിമുപ്പത്തിയാറ് (336) ഉരുക്കൾ ഗായത്രി കഴിച്ചിരിക്കണം.
- ശുക്ലപക്ഷ ഏകാദശിയിൽ പരമസാത്വികഭക്ഷണം സ്വീകരിക്കുക. ഇല്ലെങ്കിൽ ഉപവസിക്കുക. ഉഴുന്ന്, ഉള്ളി, കുരുമുളക്, തൈര് ഇവ സാത്വിക ഭക്ഷണങ്ങൾ അല്ല.
- ദൈവജ്ഞൻ ആരായാലും മത്സ്യവും മാംസവും അഞ്ചു വയസ്സ് തുടങ്ങിത്തന്നെ ഉപേക്ഷിക്കേണ്ടതാണ്. സാഹചര്യം കൊണ്ട് ഭക്ഷിച്ചു പോയിട്ടുണ്ടെങ്കിലോ ഭാവിയിൽ ഭക്ഷിക്കാൻ ഇടവരുന്നെങ്കിലോ വിഷ്ണുപുരാണപ്രോക്തമായ ആദിത്യഹൃദയമന്ത്രം അഥവാ നീ ശ്രീരാമന് ഉപദേശിച്ച അതേ മന്ത്രം ഏഴാവർത്തി (7) ജപിച്ച് പരിഹാരം തേടണം.
- പ്രശ്നം നോക്കുന്ന ദൈവജ്ഞൻ ബ്രാഹ്മണൻ ആണെങ്കിൽ സ്മാർത്ത ധർമ്മത്തിൽ ആദ്യം ഗുരുനാഥനേയും വൈഷ്ണവ ധർമ്മത്തിൽ ഗുരുവിനെയും വിഷ്ണുവിനെയും ഒന്നിച്ചു സങ്കൽപ്പിച്ചും ഒന്നാമത്തെ കവിടി വയ്ക്കണം. രണ്ടാമത് ഗണപതി, തൃതീയം വാണി, ചതുർത്ഥം വ്യാസൻ, പഞ്ചമം നാം, ഷഷ്ഠം ആദിത്യാദികൾ എന്ന് ആറു കവിടികൾ വലം നിന്ന് ഇടത്തോട്ട് വയ്ക്കട്ടെ. ഇടത്തോട്ടുള്ള പോക്കു പ്രദക്ഷിണം എന്നർത്ഥം.
- അബ്രാഹ്മണൻ ആദ്യം ഗണപതിയും പിന്നീട് ഗുരുവും പിന്നീട് മറ്റുള്ളവരും എന്ന വിധാനമാണ് സ്വീകരിക്കേണ്ടത്.
- കവിടികൾ ഉരുട്ടരുത്. തലോടുക മാത്രം ചെയ്യുക.
- കറുത്ത വാവിൻ നാൾ, അതുപോലുള്ള പിതൃദിനങ്ങളിൽ ദേവപ്രശ്നങ്ങൾ അരുത്.
- ദിനവും ആദിത്യനെ സ്മരിച്ച് പലക തൊട്ടുവന്ദിച്ച് അതിനുശേഷം മാത്രം ഗ്രഹചക്രത്തെ ലിഖിതപ്പെടുത്തട്ടെ.
- എച്ചിൽക്കൈ കൊണ്ട് കവിടി തൊടരുത്. എച്ചിൽ ആയ കൈ ശുദ്ധിചെയ്ത് ആചമനം ചെയ്തശേഷം മാത്രം പ്രശ്നചിന്ത ചെയ്യണം.
- പ്രകൃതിദത്തമായ മലമൂത്രശോധനകൾ ഇടയ്ക്കു വേണ്ടിവന്നാൽ ഹസ്തപാദപ്രക്ഷാളനം ചെയ്തു ആപോഹിഷ്ടാദി മന്ത്രത്താൽ പ്രോക്ഷണസ്നാനം നടത്തി പ്രശ്നകർമ്മം തുടരാം.
- അലക്ഷ്യത്തിൽ കവിടികൾ ഭൂസ്പർശമേറ്റാൽ പാലിലോ ഗംഗയിലോ കഴുകി എടുക്കണം. തിളപ്പിച്ച പാൽ നിഷിദ്ധമാണ്. പ്രശ്നം തുടങ്ങുന്ന നേരവും അവസാനിക്കുന്ന നേരവും “ഗീർനശ്രേയഃ” എന്ന പരൽപ്പേരുവെച്ച് വിഷ്ണുവിനെ വന്ദിക്കണം.
- ഏതെങ്കിലുമൊരു ശിവദ്ധ്യാനമില്ലാതെ കവിടി തലോടരുത്.
- കൃത്യം ഒരുനൂറ്റെട്ടു (108) കവിടികൾ തലോടുന്നതിൽ ഉണ്ടാവണം. കൂടുകയോ കുറയുകയോ അരുത്.
- ദുഷ്ടന്മാരായ പൃഷ്ടാക്കൾക്ക് പ്രശ്നം വയ്ക്കരുത്.
- അൽപസ്വൽപം പഠിച്ച് തർക്കിക്കാൻ തുടങ്ങുന്ന പൃഷ്ടാക്കളെ ഉടൻ പറഞ്ഞയയ്ക്കണം.
- ധനികൻ ആണെങ്കിലും ദരിദ്രൻ ആണെങ്കിലും ദക്ഷിണ വെപ്പിയ്ക്കാതെ പ്രശ്നം പറയരുത്.
- ദക്ഷിണയിൽ ഒരു പങ്ക് ഇഷ്ടദേവതയ്‍ക്കോ അന്നദാനത്തിനോ ചിലവു ചെയ്യണം.
- ചോരന്റെ ദിക്കിനെപ്പറ്റിയോ ഒരു സ്ത്രീയുടെ ചാരിത്ര്യത്തെക്കുറിച്ചോ ദൈവജ്ഞൻ ഫലം പറയരുത്.
- ആരൂഢം തടുത്ത പ്രശ്നം എട്ടുനാൾ കഴിയാതെ വീണ്ടും നോക്കാൻ ഇടയാകരുത്. ഉടൻ തന്നെ വേണമെങ്കിൽ താംബൂലം കൊണ്ടോ പരിഹാര സങ്കല്പത്തോടുകൂടിയോ രാശി എടുക്കാം.
- മറാത്തികളും മാർവാടികളും മലയാളദേശത്തിലെ കൊങ്കണരും തമിഴ്‍നാട്ടിലെ ദേശികന്മാരും പൊതുവേ ജ്യോത്സ്യരെ കുറ്റപ്പെടുത്തുന്നവർ ആകും. വിശ്വാസം കുറയുന്നവരുമാകും. അപ്രകാരമുള്ളവർക്ക് അടുത്തു പരിചയിച്ചതിനുശേഷം മാത്രമേ പ്രശ്നം ചൊല്ലാൻ പാടുള്ളൂ.
- ദുശ്ശകുനങ്ങൾ കാണുകയും മരണവൃത്താന്തം കേൾക്കുകയും അറിയുകയും ചെയ്യുന്ന സമയത്ത് പൃഷ്ടാവിന് പ്രശ്നം ചൊല്ലേണ്ട. അവൻ പരീക്ഷിക്കാൻ വരുന്നവനെന്ന് അറിഞ്ഞുകൊള്ളുക.
- ജ്യോതിശ്ശാസ്ത്രം രചിച്ച എന്നെ നിന്ദിക്കുന്ന ഒരുത്തനും ഈ ശാസ്ത്രം പ്രവചിക്കരുത്.
- ഇരുട്ടു മുറിയിൽ ഇരുന്ന് കവിടി നിരത്തരുത്. സൂര്യപ്രകാശം ചലിക്കുന്ന മുറിയാണ് വേണ്ടത്. അല്ലാത്തയിടങ്ങളിൽ ഗണപതിയുടെ ചിത്രമെങ്കിലും ഉണ്ടാകണം. ദൈവജ്ഞൻ സമാധാനമായി സംസാരിക്കണം. എത്ര ആപത്തു കണ്ടാലും സാന്ത്വനമാണ് സാത്വികമായ ധർമ്മം. പ്രശ്നപ്രതിവിധികൾ വിധിക്കുമ്പോൾ ആവുന്നത്ര പൃഷ്ടാവിനു വിശ്വാസമുള്ള കർമ്മിയെത്തന്നെ ഒഴിവുകണ്ടു കൊടുക്കണം. ഭാരതം വിട്ട അന്യനാട്ടുകാർ പ്രശ്നം ചോദിച്ചാൽ പൃഷ്ടാവ് ഇരിക്കുന്ന രാശി കൊണ്ടേ ഫലം പറയാവൂ. കവിടിവയ്ക്കുന്നത് അനുഭവം പറയുവാൻ അല്ല, പരിഹാരം നിശ്ചയിക്കുവാൻ മാത്രം. വിധവയായ സ്ത്രീ പ്രശ്നം ചോദിച്ചാൽ നിരാകരിക്കരുത്. അതുപോലെ സന്തതിയില്ലാത്തവൾക്കും.
മഹർഷേ! മേൽച്ചൊന്ന ധർമ്മങ്ങൾ അക്ഷരംപ്രതി പാലിച്ചാൽ ദൈവജ്ഞന്റെ ഒരു വാക്കും പാഴാകുകയില്ല. ഭൂതവും വർത്തമാനവും ഭാവിയും കലിയുഗത്തിലെ ചലച്ചിത്രംപോലെ തോന്നിവരും. നാവ് താനേ ചൊല്ലിക്കൊള്ളും. സംശയം വരുമ്പോൾ ഇഷ്ടദേവതയെ സ്മരിച്ചാൽ തീരുമാനം ഉള്ളിൽത്തന്നെ വിളിച്ചുചൊല്ലിക്കൊടുക്കും. ഇത് സത്യമാണ്. കലിയുഗത്തിൽ പ്രശ്നഗ്രന്ഥങ്ങൾ പലതുണ്ടാകും എങ്കിലും മാധവീയം, കൃഷ്ണീയം എന്നിവ അനുഭവം കൂടുതൽ ഫലവത്താക്കും. ഏതായാലും ഉപാസനാബലം ഉള്ളവന് കാൽപങ്ക് ജ്ഞാനത്തിൽ മുക്കാൽപങ്ക് ദൈവീകം ചേർന്ന് ശാസ്ത്രം ഫലവത്താക്കുവാൻ സാധ്യമാകും.
ശുഭം
Views: 1155